
സ്പോർട്സിൽ നിന്നും മിമിക്രിയിലേക്ക്
AVM Unni

AVM Unni
മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന അനുഗ്രഹീത കലാകാരനാണ് കലാഭവൻ മണി. മിമിക്രിയിൽ നിന്നും സിനിമയിലെത്തിയ താരങ്ങളിൽ ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന താരമാണ് കലാഭവൻ മണി. മലയാളം കൂടാതെ തെന്നിന്ത്യൻ സിനിമയിലും മണി തിളങ്ങി നിന്നിരുന്നു.
മണി മിമിക്രിയിൽ സജീവമാവുന്നത് കൊച്ചിൻ കലാഭവനിലൂടെ ആയിരുന്നു. മിമിക്രി തിരഞ്ഞെടുക്കുന്നതിന് മുൻപ് സ്പോർട്സ് ആയിരുന്നു താരത്തിന്റെ ഇഷ്ട വിനോദം. എ വി എം ഉണ്ണി 1992ൽ ദോഹയിലെ കലാഭവന്റെ സ്റ്റേജ് ഷോക്കിടയിൽ നടത്തിയ അഭിമുഖത്തിൽ ആണ് മണി ഇത് പറഞ്ഞത്. കലാഭവൻ മണി നൽകിയ ആദ്യത്തെ അഭിമുഖം ആണിത്.

1992ൽ ഖത്തറിലെത്തിയ കലാഭവൻ ട്രൂപ്പ്. നിൽക്കുന്നതിൽ വലത്ത് നിന്ന് അഞ്ചാമത് കലാഭവൻ മണിയെ കാണാം.
2020 ആഗസ്റ്റിൽ AVM Unni Archives കലാഭവൻ മണിയുടെ ആദ്യ അഭിമുഖം പുറത്ത് വിട്ടപ്പോൾ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണൻ ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ്:
“1992 ൽ ഖത്തറിൽ ഒരു പരിപാടിയ്ക്കായി മണി ചേട്ടൻ പോയപ്പോൾ എ.വി.എം ഉണ്ണി ഇക്കയുമായി നടത്തിയ ഒരു അഭിമുഖം ഞാൻ ഫേയ്സ്ബുക്കിൽ അപ് ലോഡ് ചെയ്തിരുന്നു. അത് കണ്ടിട്ട് ധാരാളം ആളുകൾ എന്നെ വിളിച്ചിരുന്നു. പ്രത്യേകിച്ച് കലാകാരന്മാർ. കാരണം ആ അഭിമുഖം എല്ലാ കലാകാരന്മാർക്കും ഒരു ഉത്തേജനമായി. താൻ ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന ഒരു കാലത്ത് ഏതോ ഒരു സുന്ദര നിമിഷത്തിൽ നടത്തിയ ആ അഭിമുഖത്തിലെ പൊന്നായ വാക്കുകൾ. ഇന്ന് കേരളം നെഞ്ചിലേറ്റിയിരിക്കുന്നു… ചേട്ടന്റെ വിയോഗ ശേഷം ചേട്ടന്റെ സിനിമകൾ കാണാനോ ആ ഡയലോഗുകൾ കേൾക്കുവാനോ ഇന്നും എനിക്ക് ശക്തി കിട്ടിയിട്ടില്ല. എങ്ങാനും കണ്ടു പോയാൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥയാണ് അപ്പോഴുണ്ടാവുക. ചേട്ടൻ നമ്മളെ വിട്ടു പോയി എന്ന് ചിന്തിക്കാൻ വിശ്വസിക്കാൻ ഇന്നും പറ്റുന്നില്ല.. ഷൂട്ടിംങ്ങ് കഴിഞ്ഞ് തിരിച്ചെത്തും എന്ന തോന്നൽ അതാണ് ഇന്നും മനസ്സ് നിറയെ. ഇന്ന് ആ പഴയ അഭിമുഖത്തിന്റെ വീഡിയോ ഖത്തറിൽ ജോലി ചെയ്യുന്ന ചാലക്കുടിക്കടുത്ത് മുരിങ്ങൂർ സ്വദേശിയായ ഡിക്സൺ എനിക്ക് അയച്ചു തന്നത് കാണാനിടയായി. ശ്രീ എ.വി.എം ഉണ്ണി ഇക്ക നടത്തിയ ആ അഭിമുഖം കാണുമ്പോൾ നമ്മളിലെ കലാകാരൻ തീർച്ചയായും ഉയിർത്തെഴുന്നേൽക്കും. വളരെ കുട്ടി കാലത്ത് തന്നെ ചേട്ടൻ എപ്പോഴും പറയും നമ്മുക്ക് നന്നാവണം. നമ്മുടെ ദാരിദ്രമൊക്കെ മാറ്റണം. നമ്മൾ വലിയ കലാകാരന്മാരാകുമ്പോൾ നമ്മുക്ക് സമൂഹത്തിൽ നല്ല വിലയുണ്ടാകും. അതിന് കഠിന പരിശ്രമം വേണം എന്നൊക്കെ. ആ വാക്കുകളിലൂടെ ഒരടി പതറാതെയാണ് ഇന്നും എന്റെ സഞ്ചാരം. കലയും കായികവും ഒരുപോലെ കൊണ്ടുപോയിരുന്ന വ്യക്തിയായിരുന്നു ചേട്ടൻ. ആദ്യ കാലങ്ങളിൽ പ്രധാനമായും ഒരു കായിക താരം തന്നെയായിരുന്നു മണി ചേട്ടൻ.. 100 മീറ്റർ ഓട്ടം, 4 x 100 റിലേ , ഹഡീൽസ് , ഫുട്ബോൾ എന്നിവയിലൊക്കെ സംസ്ഥാന തലത്തിൽ വരെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കൂടാതെ നല്ലൊരു എൻ.സി. സി.കേഡറ്റ് കൂടിയായിന്നു.പിന്നീട് മണി ചേട്ടൻ മിമിക്രിയും മോണോ ആക്ടും നാടൻ പാട്ടും ആയി മുന്നേറി. എന്നിലെ കലാകാരന് ഏറ്റവും അടിസ്ഥാന കളരി തന്നെയായിരുന്നു ഞങ്ങളുടെ ദരിദ്രകുടുംബവും എന്റെ സഹോദരന്റെ കലാ രംഗത്തെ കയ്പും മധുരവും കലർന്ന ജീവിതാനുഭവങ്ങൾ.. കലാ രംഗത്ത് ചേട്ടൻ അനുഭവിച്ച കഷ്ടപാടുകൾ എത്രയെന്ന് കണ്ടറിഞ്ഞ ഒരു കലാകാരനാണ് ഞാൻ. അതുകൊണ്ടു തന്നെ കലയുടെ രംഗവേദിയിൽ നിറഞ്ഞു നിൽക്കണമെന്ന ശക്തമായ ആഗ്രഹം തന്നെയാണ് ഇപ്പോഴും ഉള്ളിലുള്ളത്. കല ഉള്ളിൽ ഉള്ളതു കൊണ്ടു മാത്രമാണ് ഇന്ന് ജീവിതത്തിൽ പിടിച്ചു നിൽക്കുന്നതും തുടർന്ന് ജീവിക്കുന്നതും. നശിച്ചു പോയ കോശങ്ങൾക്ക് പുനർജീവനം നൽകുന്ന മരുന്നു പോലെയാണ് ഇന്നെന്റെ കല. ചെറുപ്പത്തിലെ നൃത്ത കളരികൾ,ആർ.എൽ.വി , കേരള കലാമണ്ഡലം തുടങ്ങിയ കളരികളിലെല്ലാം പഠിച്ചിട്ടുണ്ടെങ്കിലും കലാഭവൻ മണിയെന്ന പച്ചയായ അനുഭവ കളരിയാണ് ഇന്നെന്റെ ഏറ്റവും വലിയ കളരി. തീച്ചൂളയിൽ ഉരുക്കിയ ദ്രവം മൂശയിൽ ഒഴിച്ച് പുതു സൃഷ്ടികൾ ഉണ്ടാക്കുന്ന പോലെ മണി ചേട്ടൻ തന്റേതായ ഓരോ സൃഷ്ടികൾ ഉണ്ടാക്കിയത് കണ്ടറിയാനുള്ള ഭാഗ്യം ഉണ്ടായി.അതെ എന്റെ സഹോദരൻ എനിക്ക് വെറും ചേട്ടനല്ല മറിച്ച് അച്ഛനും ഗുരുവും കൂടിയാണ്. ചേട്ടൻ കുട്ടി കാലത്ത് എന്നോട് പറഞ്ഞ വാക്കുകൾ ചേട്ടന് ഞാൻ കൊടുത്ത വാക്കുകൾ ഇന്നും അത് പാലിച്ച് കലാ രംഗത്ത് പിടിച്ചു നിൽക്കുന്നു. കലാകാരന്മാർ നിറഞ്ഞ കുടുംബത്തിലേക്ക് കലയിൽ ഒരു ഡോക്ടറേറ്റ് നേടി വരുന്നത് കാണാൻ എന്റെ ചേട്ടൻ ഇല്ലാതായി. ചേട്ടൻ അകലങ്ങളിൽ ഇരുന്ന് കാണുന്നുണ്ടായിരിക്കും ഡോക്ടറേറ്റ് കിട്ടിയത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഈ അനിയന്റെ വേദന. ഓരോ വിജയങ്ങൾ നേടുമ്പോഴും ചേട്ടന്റെ അടുത്തു വന്ന് പറയുമ്പോൾ ചേട്ടൻ കെട്ടിപിടിച്ച് അഭിനന്ദിക്കുമ്പോൾ ഉണ്ടാകുന്ന സുഖം അതല്ലാതെ കൂടുതലൊന്നും ഞാനെന്റെ സഹോദരനിൽ നിന്ന് ആഗ്രഹിച്ചിരുന്നില്ല. ഇന്ന് ഈ അഭിമുഖം കണ്ടപ്പോൾ കുറച്ചു ദിവസമായി കാൽമുട്ട് വേദനയായി പ്രാക്ടീസ് ചെയ്യാതെ മാറി നിന്ന ഞാൻ കുറേ അധിക സമയം നൃത്തം ചെയ്തു. വേദനകൾ എവിടെ പോയി എന്നറിഞ്ഞില്ല. ചില സമയങ്ങളിൽ മനസ്സിന്റെ വേദന ശരീരത്തിന്റെ വേദനയേക്കാൾ ഒന്നുമല്ലാതാക്കുന്ന അവസ്ഥ. ചേട്ടൻ നേരിട്ട് വന്ന് വീണ്ടും വീണ്ടും പറയും പോലെ “പരിശ്രമിക്കണം … കലയിൽ വല്യ ആളാകണം. തളരരുത്.. പുതുമകൾ ഉണ്ടാക്കിയാൽ മാത്രമെ ഒരു കലാകാരൻ ജനഹൃദയങ്ങളിൽ ജീവിക്കുകയുള്ളൂ.. “അതെ ചേട്ടാ … ചേട്ടന്റെ വാക്കുകൾ വളരെ അർത്ഥവത്താണ് .ചേട്ടൻ എന്നോ ലോകത്തിന്റെ ഏതോ കോണിലിരുന്ന് പറഞ്ഞ കാര്യങ്ങൾ ഇന്ന് കലാകാരന്മാർ നെഞ്ചിലേറ്റിയിട്ടുണ്ട്. ഞാനും ചേട്ടനു വാക്കു തന്ന പോലെ എന്നാലാവുംവിധം പരിശ്രമിക്കാം… വീഴാതെ… നോക്കണ…”