Cheruvandoor Joy

ആദ്യന്തം ചിരിപ്പിക്കുന്ന ചിത്രങ്ങൾ നിർമ്മിക്കാനുള്ള ഒരു പ്രവണത ഈ അടുത്തകാലത്ത് വർദ്ധിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അത് ഗുണമോ ദോഷമോ ആകട്ടെ. ചിരിയും ചിന്തയും സമ്മിശ്രമായി വിളമ്പുന്ന ചിത്രങ്ങൾ തീർച്ചയായും പ്രോത്സാഹനം അർഹിക്കുന്നു. നാം ഇതുവരെ കണ്ടുപഴകിയ ചിരി സിനിമയിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒരു ചിത്രം രൂപം കൊള്ളുന്നു എന്ന വാർത്ത മലയാള സിനിമാസ്വാദകർക്ക് കൗതുകം പകരുന്നു. അതുകൊണ്ടാണല്ലോ നിർമ്മാണ ഘട്ടത്തിലിരിക്കുന്ന ‘പഞ്ചവടിപ്പാല’ത്തിന് ഇപ്പോൾ തന്നെ ഇത്രയേറെ പ്രശസ്തി കിട്ടിയത്.

കെ.ജി. ജോർജിന്റെ മാർഗത്തിൽ നിന്നുള്ള വ്യതിചലനം തന്നെ ഒരു വാർത്തയാണ്. മധ്യവർത്തി സിനിമയുടെ വക്താവായ കെ.ജി. ജോർജ് സിനിമയിൽ കുറെ മാറ്റങ്ങൾ വരുത്തിയ വിപ്ലവകാരി കൂടിയാണ്. ഗ്രാമത്തിന്റെ തനിമ പ്രകടമാക്കിയ ‘കോലങ്ങൾ’ എന്ന ചിത്രം മാത്രം മതി അദ്ദേഹത്തിന്റെ തനതായ കാഴ്ചപ്പാട് വ്യക്തമാക്കാൻ. കോലങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് വാസ്തവം. പക്ഷേ ജോർജിന്റെ ഇതര ചിത്രങ്ങളെക്കാൾ തിളക്കം ഏറി നിൽക്കുന്ന ചിത്രമാണ് കോലങ്ങൾ എന്ന അഭിപ്രായത്തോട് യോജിക്കുന്നവരാണ് അധികവും.

കോലങ്ങൾ സംവിധാനം ചെയ്ത കെ.ജി. ജോർജ് പഞ്ചവടിപ്പാലം സംവിധാനം ചെയ്താൽ അത് ഒന്നാന്തരമാകും എന്ന ധാരണ പരക്കുന്നത് ഈ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. ഒരു പൊളിറ്റിക്കൽ സറ്റയർ നമ്മുടെ സിനിമാ വേദിക്ക് അപരിചിതമാണ്. ആ ഉദ്യമത്തിനാണ് കെ.ജി ജോർജ് പ്രശസ്ത ഹാസ്യ സാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയെയും കാർട്ടൂണിസ്റ്റ് യേശുദാസിനെയും കൂട്ടുപിടിച്ചുകൊണ്ട് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

വേളൂർ കൃഷ്ണൻകുട്ടിയുടെ എത്രയോ കഥാപാത്രങ്ങൾ ജനഹൃദയങ്ങളിൽ ജീവിക്കുന്നു. മനോരാജ്യം വാരികയിലൂടെ പ്രസിദ്ധീകരിച്ച ‘പാലം അപകടത്തിൽ’ എന്ന തുടർക്കഥയിലെ കഥാപാത്രങ്ങളും അവിസ്മരണീയമാണ്. ആ കഥാപാത്രങ്ങളുടെ മുഴുവൻ അണിനിരത്തി കൊണ്ടാണ് പഞ്ചപടിപ്പാലത്തിന് രൂപം നൽകിയിരിക്കുന്നത് ദുശ്ശാസനക്കുറപ്പ്, ശിഖണ്ഡിപ്പിള്ള, നാരദൻ, ഉണ്ണിത്താൻ, മണ്ഡോതിരി, കാർത്തരവായൻ, പാഞ്ചാലിക്കുട്ടി, പൂതന, ഭീമൻ പിള്ള, ജീമൂതവാഹൻ, ഹാബേൽ, റാഹേൽ എന്നിങ്ങനെ പേരുള്ള കഥാപാത്രങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളുടെ പ്രതിനിധികളാണ്. അവരിൽ ചിലർ നാട്ടിലെ പൊതുപ്രവർത്തകരാണ്. നാടിന്റെ ഭരണഭാരം വഹിക്കുന്നവരാണ് അവരിലൂടെ നിശിതമായ സാമൂഹ്യ വിമർശനം നടത്തുക എന്നതാണ് പഞ്ചവടിപ്പാലത്തിന്റെ ലക്ഷ്യം തന്നെ.

‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ട് സിനിമാരംഗത്തേക്ക് കടന്നു വരികയും മംഗളം നേരുന്നു, ആദമിന്റെ വാരിയെല്ല്, പൂമഠത്തെ പെണ്ണ് എന്നീ ചിത്രങ്ങൾ വിതരണം ചെയ്തുകൊണ്ട് ഒരു നല്ല ബാനർ ഉണ്ടാക്കുകയും ചെയ്ത ഗാന്ധിമതി ഫിലിംസിന്റെ ബാലൻ ആണ് പഞ്ചവടിപ്പാലത്തിന്റെ നിർമ്മാതാവ്. നിർമാതാവിനും സിനിമയെപ്പറ്റി ഉൾക്കാഴ്ച ഉണ്ടാവുക എന്നത് നല്ല സിനിമാസ്വാദകർക്ക് ആഹ്ളാദം പകരുന്ന വാർത്തയാണ്. ബാലൻ എന്ന നിർമ്മാതാവ് സിനിമയെപ്പറ്റി ആധികാരികമായി പറയാൻ കെൽപ്പുള്ള ആളാണ്. അനുഭവത്തിലൂടെ പഠിച്ച പാഠങ്ങൾ അദ്ദേഹത്തിനു മുതൽക്കൂട്ടുമാണ്. അങ്ങിനെയുള്ള ഒരു നിർമ്മാതാവും പ്രതിഭാശാലിയായ കെ.ജി. ജോർജ് എന്ന സംവിധായകനും ഒത്തുചേരുമ്പോൾ ഉന്നതമായ ഒരു കലാസൃഷ്ടി രൂപം കൊണ്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

കോട്ടയത്തും പരിസരപ്രദേശങ്ങളിലുമായാണ് പഞ്ചവടിപ്പാലത്തിന്റെ ചിത്രീകരണം നടന്നത് കോട്ടയത്തിനടുത്ത് അയ്മനത്ത് ചിത്രീകരണം നടന്നുകൊണ്ടിരുന്നപ്പോഴാണ് ചലച്ചിത്രത്തിന്റെ പ്രവർത്തകർ കടന്നുചെന്നത്.

സന്യാസി വേഷം കെട്ടിയ ഒരാൾ ഞങ്ങളെ നോക്കി ചിരിച്ചു. ജഡാധാരിയായ അദ്ദേഹത്തെ ആദ്യം ഞങ്ങൾക്ക് മനസ്സിലായില്ല. ‘എന്താ തുറിച്ചു നോക്കുന്നത്?’ അദ്ദേഹം ചോദിച്ചു.

ശബ്ദം കേട്ടപ്പോഴാണ് ആളെ മനസ്സിലായത് അത് വി. ഡി. രാജപ്പനായിരുന്നു സെറ്റു റെഡിയായി സന്യാസി മണ്ഡോദരി എന്ന മധ്യവയസ്കയെ യോഗാസനം പഠിപ്പിക്കാനുള്ള ഒരുക്കമാണ്. മണ്ഡോദരി സ്ഥലത്തെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാര്യയാണ് ശ്രീവിദ്യ മണ്ഡോദരിയുടെ വേഷം അണിഞ്ഞു നിൽക്കുന്നു. യോഗമുറകൾ ഒന്നൊന്നായി സന്യാസി മണ്ഡോദരിക്ക് കാട്ടിക്കൊടുത്തു. ഈ രംഗം ക്യാമറയിലേക്ക് പകർത്തുന്നത് ശ്രമകരമായ ജോലിയായിരുന്നു.

ഉച്ചഭക്ഷണത്തിനുശേഷം മറ്റൊരു സീൻ ആണ് ചിത്രീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഊണുമുറിയായിരുന്നു രംഗം.

മണ്ഡോദരി സന്യാസിയെ വളരെ ബഹുമാനത്തോടെ സ്വീകരിച്ച ആനയിച്ചു കൊണ്ടുവരികയാണ് പിറകെ പഞ്ചായത്ത് പ്രസിഡണ്ട് ദുശ്ശാസനക്കുറുപ്പുമുണ്ട്. ഭരത് ഗോപിയാണ് ദുശ്ശാസനക്കുറുപ്പ്. അയഞ്ഞുകിടക്കുന്ന മുറിക്കയ്യൻ ഷർട്ട് അതിനു മുകളിലാണ് മുണ്ട് മുറുക്കിയുടുത്തിരിക്കുന്നത് കഴുത്തിലൂടെ നേര്യത് ചുറ്റി ഇട്ടിരിക്കുന്നു കയ്യിൽ വാക്കിങ് സ്റ്റിക്കും ഉണ്ട്.

ഡൈനിങ് ടേബിളിൽ വിഭവങ്ങൾ നിരത്തിയിരുന്നു. ഒരു പാത്രത്തിൽ മുഴുവനോടെ പൊരിച്ച കോഴി മുറിയിലേക്ക് കടന്ന് സന്യാസിയുടെ, വി. ഡി. രാജപ്പന്റെ കണ്ണുകൾ ചെന്നുടക്കിയത് പൊരിച്ച കോഴിയിലാണ്. രാജപ്പൻ ആർത്തിയോടെ കസേരയിലിരുന്നു.

‘ആശ്രമത്തിൽ മത്സ്യമാംസാദികൾ കയറ്റാൻ പാടില്ല’ വെള്ളമിറക്കിക്കൊണ്ട് വി.ഡി. രാജപ്പൻ തുടർന്നു. ‘അതുകൊണ്ടാണ് ഞാൻ മണ്ഡോദരിയോട് പറഞ്ഞത്, ഊണ് ഇവിടെ തന്നെ ആകാമെന്ന്.’

ഗോപി ഒരു വിഡ്ഢിയെ പോലെ ഇതെല്ലാം കണ്ടും കേട്ടും ഇരിക്കുകയാണ്. രാജപ്പൻ കോഴിയുമായി മല്ലയുദ്ധം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ശ്രീവിദ്യ ഭയഭക്തി ബഹുമാനങ്ങളോടെ തൊട്ടടുത്ത് തന്നെയുണ്ട്. മകൾ പൂതന അമ്മയുടെ തൊട്ടുപിന്നിൽ. ഭുവന എന്ന പുതുമുഖമാണ് പൂതനയുടെ വേഷമണിഞ്ഞിരിക്കുന്നത്.

ഗോപിയുടെ നിൽപ്പു കണ്ടപ്പോൾ സന്യാസിയായ രാജപ്പന് ഒരു വിഷമം.

‘ഇരിക്കൂ…’ രാജപ്പൻ ഗോപിയോട് പറഞ്ഞു, ഗോപി പെട്ടെന്നൊരു ആശ്വാസം കിട്ടിയതുപോലെ കസേര വലിച്ചിട്ടിരുന്നു.

അപ്പോൾ ശ്രീവിദ്യ മകൾക്ക് നിർദ്ദേശം നൽകി.

‘മോളെ… അച്ഛനുകൂടി ഒരു ഇലയെടുക്ക്.’

ഭുവന അകത്തുപോയി ഇലയുമായി വന്നു. അപ്പോൾ രാജപ്പൻ കോഴിയെ കടിച്ചു പറിക്കുകയായിരുന്നു.

നാല് റിഹേഴ്സലുകൾക്ക് ശേഷമാണ് ഈ സീൻ ടേക്ക് ആയത്.

അയ്മനത്തെ മാളികയിൽ എന്ന വീട്ടിൽ നടന്ന ഷൂട്ടിംഗ് കാണുവാൻ നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു. വലിയൊരു താരനിര തന്നെ പഞ്ചവടിപ്പാലത്തിൽ അണിനിരക്കുന്നുണ്ട് ഗോപി, ശ്രീവിദ്യ, വി.ഡി. രാജപ്പൻ, ഭുവന എന്നിവരെ കൂടാതെ നെടുമുടി വേണു, ജഗതി ശ്രീകുമാർ, കെ പി ഉമ്മർ, വേണുനാഗവള്ളി, തിലകൻ, ഇന്നസെന്റ്, ശ്രീനിവാസൻ, സുകുമാരി, കൽപ്പന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

വേളൂർ കൃഷ്ണൻകുട്ടിയുടെ കഥക്ക് കെ.ജി. ജോർജ് ആണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. യേശുദാസൻ സംഭാഷണം എഴുതി. ഷാജിയാണ് ചായാഗ്രഹണം നടത്തുന്നത്.

ഇന്നത്തെ രാഷ്ട്രീയത്തിൽ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും ഹാസ്യ രസത്തിൽ മുക്കി ചിത്രീകരിക്കുന്നതിനിടയിൽ തന്നെ നാട്ടിൻപുറത്തെ പ്രേമവും ഒളിച്ചോട്ടവും ഉൾപോരുകളും ഒക്കെ സ്വാഭാവികത ഒട്ടും ചോർന്നു പോകാതെ പഞ്ചവടിപ്പാലത്തിൽ ചിത്രീകരിക്കുകയാണ്. ഇന്ത്യൻ സിനിമയിൽ തന്നെ കെ. ജി ജോർജിന്റെ ഈ ആവിഷ്കരണ ശൈലി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.

1984 ജൂൺ 27 ലക്കം ചലച്ചിത്രം വാരികയിൽ പ്രസിദ്ധീകരിച്ച ചെറുവാണ്ടൂർ ജോയി തയ്യാറാക്കിയ റിപ്പോർട്ട്.
©Chalachithram/1984