K. P. Sreedharan Nambiar

കുന്നും മലകളും നിറഞ്ഞതും, കൂറ്റൻ എസ്റ്റേറ്റുകൾ നിറഞ്ഞതുമായ പുതിയ ജില്ലയാണ് വയനാട്. എന്തോ എന്നറിഞ്ഞില്ല, പുതിയ ജില്ല വന്നതിനുശേഷം വയനാട്ടിൽ ഇടയ്ക്കിടെ അതിദാരുണങ്ങളായ അനിഷ്ട സംഭവങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കൊല്ലത്തെ കാലവർഷം ആരംഭഘട്ടത്തിൽ വയനാട്ടിലെ പുൽപ്പള്ളിയിലും മുള്ളൻകൊല്ലിയിലും ഉണ്ടായ വെടിവെപ്പിന് തുടർന്ന് വയനാട്ടുകാർ അനുഭവിച്ച ദുഃഖം ഇന്നും കെട്ടടങ്ങിയിട്ടില്ല.

ഇക്കൊല്ലത്തെ കാലവർഷം ഒരു സംഹാരദേവതയെപ്പോലെ ഉറഞ്ഞു തുള്ളി കൊണ്ട് വയനാടൻ കുന്നുകളിൽ താണ്ഡവം നടത്തി, അതിന്റെ ഉത്തുംഗശ്രംഗങ്ങളെല്ലാം തട്ടിത്തകർത്ത് സംതൃപ്തിയടയുന്നതിനുള്ള ശ്രമത്തിലാണ് ഇപ്പോഴുള്ളത്ത്. കാലാകാലമായി നിലനിന്നു പോന്ന വനഭംഗി നഷ്ടപ്പെടുകയും, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ നശിക്കുകയും ചെയ്യുന്ന ഒരു നിലയാണ് ഇന്ന് വയനാട്ടിലുള്ളത്. ഇത്തരമൊരു പശ്ചാത്തലത്തിൽ, വയനാടിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന കുന്നുകൾ, നാടിന്റെ ഗതകാലസവിശേഷതകളെയും പ്രതാപങ്ങളെയും കുറിച്ച് ഓർത്തോർത്ത് തലപൊട്ടി താഴോട്ടേക്ക് ഒഴുകി പോയെങ്കിൽ, അത് സ്വാഭാവികം മാത്രമാണ്.

വയനാടൻ കുന്നുകളിൽ വ്യാപകമായ തോതിലുള്ള വിള്ളലുകൾ സൃഷ്ടിച്ചുകൊണ്ടാണ് ഇക്കൊല്ലത്തെ പുതുവർഷം കടന്നുവന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ പേമാരിയെ തുടർന്ന്, വയനാടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന നൂറ്റാണ്ട് പഴക്കമുള്ള താമരശ്ശേരി ചുരം റോഡ് ഇടിഞ്ഞതുകാരണം, വയനാട് ഏതാണ്ട് ഒറ്റപ്പെട്ട നിലയിൽ നിൽക്കുകയാണ്. തകരപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ കാരണം, 9 അംഗങ്ങളുള്ള ഒരു മുസ്ലിം കുടുംബത്തിലെ ഏക ബാലന്‍ ഒഴികെ, മറ്റ് എട്ട് പേരും പരിശുദ്ധമായ റമദാൻ നാളിൽ ആകസ്മികമാംവണ്ണം മണ്ണിനുള്ളിലായി നിത്യതയിൽ ലയിച്ചു. അടിവാരത്തിൽ നിന്ന് ആരംഭിച്ച് വളഞ്ഞുപുളഞ്ഞ് പാടുപെട്ട് വയനാട് എന്ന കനകഭൂമിയിലേക്ക് എത്തുന്ന റോഡിലൂടെ ആളുകൾ നടന്നു പോകാൻ പോലും ഭയപ്പെട്ടു. ചുരം നിശ്ചലമായി, വയനാട്ടുകാർ നിസ്സഹായരായി. കൊല്ലികളിലുള്ള വള്ളികുടിലുകളിലിരുന്ന് ചീവീടുകൾ അപകടസൂചനകളുടെ ശബ്ദം ഉയർത്തിക്കൊണ്ടിരുന്നു. ഉരുൾപൊട്ടലിലൂടെ ഗതിമുട്ടിയ താമരശ്ശേരി ചുരം ഗതാഗതയോഗ്യമാക്കാനുള്ള ശ്രമം തകൃതിയായി നടക്കുമ്പോഴും, തകരപ്പാടിയിലെ ഇളകിമറിഞ്ഞു കിടക്കുന്ന മൺകൂമ്പാരത്തിനുള്ളിൽ വിലയം പ്രാപിച്ച അശരണരായ ആത്മാക്കളുടെ നെടുവീർപ്പുകൾ പോലെ ചാറ്റൽമഴയും പേറിവന്ന കാറ്റു ആളുകളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.​

വയനാടൻ കുന്നുകളിലേക്ക് അപകടം ആരും അറിയാതെ ചുരം വഴി കേറിപ്പോയത് പോലെ തോന്നി. ചുരത്തിനപ്പുറത്ത് വയനാടൻ കുന്നുകളിൽ ഉരുൾപൊട്ടിയ സംഭ്രമജനകമായ വാർത്തയാണ് നാളുകൾക്കു ശേഷം കേട്ടത്. ചുരം ചവിട്ടി കടന്നുപോയ അപകടം നേരെ ചെന്നെത്തിയത് മേപ്പാടിയ്ക്ക് പുറത്തുള്ള അരണമലയിലാണ്.​ ആൾവാസം കുറവുള്ള ഒറ്റപ്പെട്ട പ്രദേശമാണ് അരണമല. അരണമലയിൽ ഉരുൾപൊട്ടി നാശനഷ്ടങ്ങൾ സംഭവിച്ച കഥ നാട്ടുകാരും അധികൃതരും, അതിന്റെ നാലുപാടുമുള്ളവർ പോലും അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞതിനുശേഷം മാത്രമാണ്. അരണമല നീങ്ങിയപ്പോൾ, അതിനുള്ളിൽ അകപ്പെട്ട ജീവിതങ്ങളെക്കുറിച്ച് ഇന്നും ആർക്കും ഒരു എത്തുംപിടിയും ഇല്ല.

ആളറിയാത്ത മലനീക്കം

മേപ്പാടിയിൽ നിന്ന് ഏതാണ്ട് 20 കിലോമീറ്റർ അപ്പുറത്തുള്ള മുണ്ടക്കൈ പ്രദേശം ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണുള്ളത്. ഇടതൂർന്ന് നിൽക്കുന്ന തേയിലക്കാടുകളും, അവയാൽ ജീവിച്ചുകഴിയുന്ന ജനങ്ങളുമാണ് അവിടെയുള്ളത്. ചൂരൽമലയിലൂടെ കടന്നുപോകുന്ന വീതി കുറഞ്ഞ റോഡ് മുണ്ടക്കൈയിലെത്തി, അവിടെ തളർന്നു നിൽക്കുന്നു. അവിടെനിന്ന് പിന്നീടുള്ള റോഡുകൾ അത്ര ഗുണമുള്ളവയല്ല. തേയിലക്കാടുകളിലൂടെയുള്ള എളുപ്പവഴിയിലൂടെ നടന്നാൽ കരിമറ്റം എസ്റ്റേറ്റിലെത്താം. വടുവഞ്ചാൽ വില്ലേജിലാണ് അരണമലയുള്ളത്. മലയാളം പ്ലാന്റേഷന്റെ 19-മത്തെ ഡിവിഷനും, അതിനോട് തൊട്ടടുത്തുള്ള വെസ്റ്റസ് ഫോറസ്റ്റും തൊട്ടുരുമ്മി നിൽക്കുന്നതിനപ്പുറത്താണ് ചങ്ങനാശ്ശേരിക്കാരനായ ബാബുവിന്റെ കരിമറ്റം എസ്റ്റേറ്റ്. ഏലം, കാപ്പി തുടങ്ങിയ കൃഷികളുള്ള കരിമറ്റം എസ്റ്റേറ്റിന്റെ വിസ്തൃതി 80 ഏക്കറോളം വരുമെന്നാണ് പറയുന്നത്. കരിമറ്റം എസ്റ്റേറ്റ് അരണിമലയുടെ മടിത്തട്ടിൽ, നിക്ഷിപ്തവനങ്ങളുടെ പരിലാളനമേറ്റ് വളർന്നുവരികയായിരുന്നു. അപ്പോഴാണ് ജൂലായ് ഒന്നിന് ശപിക്കപ്പെട്ടൊരു മുഹൂർത്തത്തിൽ എസ്റ്റേറ്റ്ന്റെ നെറുകയിലുള്ള അരണമല വിള്ളൽ വന്ന് നീങ്ങാൻ തുടങ്ങിയത്. ധാരമുറിയാതെ തുള്ളിക്കൊരു കുടം എന്ന നിലയിൽ പെയ്തുകൊണ്ടിരിക്കുന്ന പേമാരി. ഞായറാഴ്ചയായതുകൊണ്ടും, ഈദുൽഫിത്തർ ആയതുകൊണ്ടും, തേയിലത്തോട്ടത്തിലെ ലായങ്ങളിൽ ഒന്നും ആളുകൾ ഇല്ല. കരിമറ്റം എസ്റ്റേറ്റിലെ ബംഗ്ലാവിൽ അരിവെപ്പുകാരനായ ഷാജിയും, രണ്ടാഴ്ച മുമ്പ് മാത്രം കാവൽ ജോലിയിൽ ഏർപ്പെട്ട നേപ്പാളുകാരനായ വിക്രം സിംഗ് എന്ന ഗൂർക്കയും, ബംഗ്ലാവിലെ റൈറ്റർ പാപ്പച്ചനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

മാമരങ്ങളും പാറക്കൂട്ടവും മൺകൂമ്പാരവും എല്ലാം അമ്പരചുംബിയായ കുന്നിൽ നിന്നും മലവെള്ളപ്പാച്ചിലൊടൊപ്പം താഴെക്കൊഴുകാൻ തുടങ്ങി. പത്തൊമ്പതാം പുഴ എന്ന അരണിപ്പുഴ തൂർന്ന് ഗതിമാറി ഒഴുകി, എല്ലാ ആസ്പദങ്ങളും വിട്ട്, അന്തം വിട്ടുപോകുന്ന പോക്കിൽ വഴിയിൽ കണ്ട സർവതിനെയും തട്ടിത്തകർത്തുകൊണ്ടായിരുന്നു പാറക്കൂട്ടങ്ങളും മാമരങ്ങളും മണ്ണിലെ കൂമ്പാരവും താഴോട്ട് ഒലിച്ചു പോന്നിരുന്നത്. കരിമറ്റം എസ്റ്റേറ്റ് ആകെ ഒലിച്ചുപോയി. ബംഗ്ലാവിന്റെ ഉള്ളിൽ ഉണ്ടായിരുന്ന മൂന്ന് ആത്മാക്കളും, ഒഴുകിത്താണുപോയവരുടെ കൂട്ടത്തിൽപ്പെട്ടു. മാല നിരങ്ങിവന്ന ദിക്കിൽ മറ്റു വീടുകളോ കെട്ടിടങ്ങളോ ഉണ്ടായിരുന്നില്ല. എസ്റ്റേറ്റിൽ നിന്നും താഴ് വാരത്തായി പാറപ്പൊത്തിൽ കഴിഞ്ഞുവന്നിരുന്ന ഒരു ആദിവാസി കുടുംബം ഉണ്ടായിരുന്നു. സ്ഥിരതാമസക്കാർ ആയിരുന്നു എന്ന് പറഞ്ഞു കൂടാ; നിലമ്പൂർ കാടുകളിൽ നിന്നോ മറ്റോ വനവിഭവങ്ങൾ തേടി എത്തിയവരായിരുന്നു. അവരിൽ 11 പേരുണ്ടായിരുന്നു എന്നാണ് അറിവ്. അവരുടെ താവളവും മണ്ണിനുള്ളിൽ അകപ്പെട്ടു.

ഒഴിവുദിവസമല്ലാത്ത ഒരു നാളിലായിരുന്നെങ്കിൽ, ഏറ്റവും ചുരുങ്ങിയത് 600 പേരെങ്കിലും മണ്ണിനുള്ളിൽ അകപ്പെട്ടുപോകുമായിരുന്നു. അതുപോലെതന്നെ മറ്റൊരു അനുഗ്രഹവും കൂടിയുണ്ടായി. കരിമറ്റം എസ്റ്റേറ്റിലെ തൊഴിലാളികൾക്ക്, എസ്റ്റേറ്റിൽ തന്നെ താമസിക്കുന്നതിനുള്ള സൗകര്യം വേണമെന്ന് പറഞ്ഞ് AITUC-ന്റെ നേതൃത്വത്തിൽ സമരം നടത്തിവരികയായിരുന്നു. തൊഴിലാളികളുടെ ആവശ്യം ഒരു നിലയിലും അനുവദിക്കുകയില്ലെന്നുള്ള മർക്കടമുഷ്ടിയാണ് മുതലാളി പ്രകടിപ്പിച്ചത്. ഭാഗ്യം എന്ന് പറയട്ടെ, തൊഴിലാളികൾ സമരം നിർത്തി; തൊഴിലാളികളുടെ ആവശ്യം അനുവദിച്ചുകൊടുത്തിരുന്നെങ്കിൽ, കരിമറ്റം എസ്റ്റേറ്റ് ഒഴുകിപ്പോയ കൂട്ടത്തിൽ ഒരുപക്ഷേ അതിലെ തൊഴിലാളികളും ഒഴുകിപ്പോയേനെ. ‘അന്യഥാ ചിന്തിതം, ദൈവമന്യത്രചിന്തയേൽ’ എന്നു പറഞ്ഞത് എത്രമാത്രം അർത്ഥവത്താണെന്ന് തോന്നിപ്പോകുന്നു. ഇത്രയും വ്യാപകമായ നിലയിലുള്ള മലയിടിച്ചിൽ നടന്നിട്ടും ആരുമറിഞ്ഞതില്ല വൈകിയപ്പോൾ അറിഞ്ഞിട്ടും  മറ്റുള്ള ദിക്കുകളിൽ എത്തിക്കാൻ മാർഗവും ഇല്ല.

അജ്ഞാത ലോകത്തിലേക്ക് ക്ഷണക്കത്ത്

അരണിമലയിലെ പൊട്ടലിനെ തുടർന്ന്, മണ്ണിനടിയിൽ അകപ്പെട്ട 14 പേരിൽ ഒരു ആദിവാസി സ്ത്രീയായ മാതിയുടെ മൃതദേഹം മാത്രമേ കിട്ടിയിട്ടുള്ളൂ. ഒഴുകിപ്പോകുന്ന പോക്കിൽ എങ്ങനെയോ ഒരു മരത്തിൽ തട്ടി നിന്നതുകൊണ്ടാണ് മാതിയുടെ മൃതദേഹം കിട്ടിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആൾക്കൂട്ടം എത്തിപ്പെട്ടതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ നടത്തി. തിരച്ചിലിനിടയിൽ പലതും കിട്ടി; വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം. കൂട്ടത്തിൽ കുറച്ചകലെത്തായൊരു മനുഷ്യന്റെ കാൽ മുറിഞ്ഞു വേർപെട്ടു കിടക്കുന്നത് കണ്ടു. അത് കണ്ട മാത്രയിൽ, മുണ്ടക്കൈയിലെ കൊള്ളമാട്ടിൽ മത്തായിയുടെ ഭാര്യ അന്നമ്മ നെഞ്ചത്തടിച്ച് അങ്ങോട്ടേക്കൂടി. “ഇതെന്റെ മോൻ ഷാജിയുടെ കാലാണേ?” അന്നമ്മ വിതുമ്പി, വിതുമ്പി ദുഃഖം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു. കരിമറ്റം എസ്റ്റേറ്റിലെ കുശിനിക്കാരനായിരുന്നു പതിനാറുകാരനായ ഷാജി. ബംഗ്ലാവിൽ എല്ലാവർക്കും ഷാജി പ്രിയപ്പെട്ടവനാണ്. കോട്ടത്തറയിൽ നിന്ന് മുണ്ടക്കൈയിൽ കുടിയേറിപ്പാർത്ത മത്തായിയുടെ കുടുംബം കരിമറ്റം എസ്റ്റേറ്റിൽ ജോലി ചെയ്താണ് ജീവിച്ചുപോരുന്നത്. മത്തായിയുടെ മക്കൾ ജസമ്മയും ജോസഫും സെബാസ്റ്റിനും കരിമറ്റം എസ്റ്റേറ്റിൽ ജോലി ചെയ്തുവരുന്നു.

ഞായറാഴ്ചയിലെ പേമാരി സമയത്ത് കുട പോലും എടുക്കാതെ ഷാജി മുണ്ടക്കൈയിലുള്ള വീട്ടിൽ ഓടിയെത്തി, പ്രിയപ്പെട്ട അമ്മച്ചിക്ക് പത്തു രൂപ നൽകി തിരിച്ചുപോയതായിരുന്നു. മകന് കാപ്പി കൊടുക്കാൻ വേണ്ടി അകത്തേക്ക് കടന്നുപോയ അമ്മ തിരിച്ചുവരുന്നതുവരെ കാത്തുനിൽക്കാൻ ഷാജിക്ക് നേരം ഉണ്ടായിരുന്നില്ല. കാപ്പിയുമായി പുറത്തുവരുമ്പോഴേക്കും ഷാജി ബംഗ്ലാവിലേക്ക് തിരിച്ചുപോയിരുന്നു. യമലോകത്തിലേക്ക് ക്ഷണക്കത്ത് കിട്ടിയ ഷാജി അമ്മയോട് യാത്ര ചോദിക്കാനാണ് പെരുമഴയത്ത് മുണ്ടക്കയിലുള്ള വീട്ടിലെത്തിയതെന്ന് ആരറിഞ്ഞു? മരിച്ച മകന്റെ കാലിന്റെ കഷണവും രണ്ടാം മുണ്ടിലിട്ട് തൂക്കിവരുന്ന അന്നമ്മയുടെ വരവു കണ്ടപ്പോൾ, കണ്ടുനിന്നവരുടെ കണ്ണുകളിൽ എല്ലാം വെള്ളം നിറഞ്ഞിരുന്നു.

മുണ്ടക്കൈയിൽ നിന്ന് 3 കിലോമീറ്റർ നടന്നെത്തിയാൽ അരണിമല പൊട്ടിയൊഴുകി, മലയാളം പ്ലാന്റേഷനിലെ 19മത് ഡിവിഷനിലെ 30 ഏക്കറോളം തേയിലത്തോട്ടവും, തൊട്ടടുത്തുള്ള കരിമറ്റം എസ്റ്റേറ്റും എല്ലാം വെട്ടി വിഴുങ്ങി. ഒലിച്ചുവന്ന ചുമന്ന മണ്ണിന്റെ വരവ് കാണാം. മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന പടുകൂറ്റൻ മരങ്ങൾ “ഞങ്ങൾ ഇവിടെയുണ്ടേ” എന്ന് രഹസ്യമായി വിളിച്ചറിയിച്ചുകൊണ്ട് ചില ദിക്കിൽ തലയുയർത്തി നോക്കുന്നുണ്ട്. സ്വന്തം കുടുംബത്തിൽപ്പെട്ട അരണിമല അടിതെറ്റി പ്രജ്ഞ നശിച്ചു ഒഴുകിപ്പോകുന്നത് കണ്ട റാണിമല, അരണിപ്പുഴയുടെ തീരത്ത് വിറങ്ങലിച്ച് സ്തംഭിച്ചു നിൽക്കുന്നു. ഗതിമാറി ഒഴുകിയ അരണിപ്പുഴയിലെ മണ്ണുകലങ്ങിയ വെള്ളം, വയനാടൻ കുന്നുകളിലെ ആദിവാസികളുടെ കണ്ണിൽ നിന്നു വീണ രക്തത്തുള്ളികൾ കൊണ്ട് നിറം പിടിപ്പിച്ചത് പോലെ തോന്നി.

‘സമയം വൈകുന്നേരം 3 മണിയായി കാണും തോട്ടത്തിലെ ഒരു തൊഴിലാളി എന്നോട് വന്നു പറഞ്ഞു: “മല കീറിയിട്ടുണ്ട്. അതിലൂടെ ഒരു തുറന്നു പിടിച്ച തുണിക്കുട ഒഴുകിവരുന്ന പോലെ എനിക്കു തോന്നി.” “എന്താണെന്ന് നമുക്കൊന്ന് ചെന്നു നോക്കാം.” അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നു നോക്കുമ്പോഴാണ് മലയാകെ ഒലിച്ചുവരുന്നതായി കണ്ടത്.’ മലയാളം പ്ലാന്റേഷനിലെ തൊഴിലാളിയായ അബൂബക്കർ ആണ് ഇത് പറഞ്ഞത്. അരക്ക് ചാക്ക് ചുറ്റി പൊളിത്തീൻ കവറുകളിൽ മൂടിപ്പുതച്ചു നിൽക്കുന്ന തമിഴത്തികളായ തോട്ടം തൊഴിലാളി സ്ത്രീകൾ, അവരുടെ മണിപ്രവാള ശൈലിയിൽ സംഭവം വിവരിച്ചു തരുന്നുണ്ടായിരുന്നു. മൺപരപ്പിലിറങ്ങി നിൽക്കുന്നത് അപകടമാണെന്ന്. എങ്ങും ആടിയ മണ്ണ് ഒരു ദിക്കിൽ ചവിട്ടിയാൽ വളരെ അകലത്ത് അതിന്റെ പ്രതിഫലനം കാണാം. മണ്ണ് വന്നുകൂടുന്ന സ്ഥലത്തുനിന്ന് ദുർഗന്ധം പുറത്തുവന്നു കഴിഞ്ഞിട്ടുണ്ട്.​

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ ലഭിച്ച വിവരം

വയനാടൻ കുന്നുകളിലെ ഉരുൾപൊട്ടൽ മൂലം ഉണ്ടായ സംഭ്രമജനകമായ അന്തരീക്ഷം നേരിൽ കാണുന്നതിന് കരിമറ്റത്തെത്തിയ കേരളശബ്ദം സ്ഥലത്തുവച്ച് എ.സി.എം. ബാലകൃഷ്ണൻ, സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ കുഞ്ഞിരാമൻ, വൈത്തിരി റവന്യൂ ഇൻസ്പെക്ടർ ഇ.സി. വേലായുധൻ എന്നിവരെ കണ്ടു. അംബരപാളികളിൽ നിന്ന് പാറിപ്പറന്നുകൊണ്ട് ഉരുൾപൊട്ടൽ മൂലം ഉണ്ടായ നാശനഷ്ടങ്ങളുടെ ഫോട്ടോയെടുക്കാൻ കൊച്ചിയിൽ നിന്ന് എത്തുന്ന നാവികസേനയുടെ ഹെലികോപ്റ്ററും പ്രതീക്ഷിച്ചു നിൽക്കുകയായിരുന്നു. അവർ റവന്യൂ ഇൻസ്പെക്ടർ വേലായുധൻ സംഭവത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരണം നൽകാൻ ആരംഭിച്ചു. വെള്ളപ്പൊക്കവും പേമാരിയും നിമിത്തം ദുരിതമനുഭവിക്കുന്നവർക്ക് പകർച്ച നടത്തുന്നതിനും മറ്റുമുള്ള ഏർപ്പാടുകളിൽ ഞാൻ മുഴുകി നിൽക്കുകയായിരുന്നു. അയൽപക്കത്തു നിന്നുള്ള പല വീടുകളിൽ നിന്നും വലിയ ചെമ്പുപാത്രങ്ങൾ സംഭരിച്ചു വച്ചത് ഉണ്ട്. അപ്പോഴാണ് ലൈറ്റ് ഇട്ട ഒരു ജീപ്പ് ഓടിച്ചുകൊണ്ട് ബാബുവേട്ടൻ വരുന്നത്. എന്നെ കണ്ട മാത്രയിൽ ജീപ്പ് നിർത്തി വിവരം പറഞ്ഞു: “ഇന്നലെ അരണിമലയിൽ ഉരുൾപൊട്ടി കരിമറ്റം എസ്റ്റേറ്റും ബംഗ്ലാവും പാടെ ഒലിച്ചുപോയി. മുപ്പതോളം ആളുകൾ മണ്ണിനടിയിൽ കാണാതായി. ഇന്നു കാലത്താണ് വിവരം മേപ്പാടിയിൽ അറിഞ്ഞത്. ഫോൺ വഴി കലക്ടറുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പോലീസിൽ വിവരമറിയിച്ച് വയർലെസ് വഴി കലക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചു; അതും ഫലിച്ചില്ല. അങ്ങനെയാണ് ജീപ്പും എടുത്ത് പുറപ്പെട്ടത്.”

ബാബുവേട്ടൻ ഇത്രയും പറയുമ്പോഴേക്കും രക്ഷാപ്രവർത്തനത്തിനുള്ള ചാലുകൾ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഫോൺ വഴി കലക്ടറെ ബന്ധപ്പെട്ടു. കലക്ടർ മാതൃഭൂമിക്ക് വിവരം കൊടുത്തു. മാതൃഭൂമി റേഡിയോ നിലയത്തിലേക്കും. ഇങ്ങനെയാണ് അരണിമലയിൽ നടന്ന ഉരുൾപൊട്ടലിനെക്കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്. ഞങ്ങൾ ഉരുൾപൊട്ടിയ സ്ഥലത്തേക്ക് പോകാൻ തിരിക്കുമ്പോഴാണ് തഹസിൽദാറെ വഴിയിൽ വച്ച് കണ്ടത്. അദ്ദേഹത്തിന്റെ അതിർത്തിയിൽ പെട്ട പ്രളയബാധിത പ്രദേശം ചുറ്റിക്കാണാൻ പുറപ്പെട്ടതായിരുന്നു. വഴിക്ക് വച്ച് തഹസിൽദാർ സഞ്ചരിച്ച വാഹനം ഞങ്ങൾ തടഞ്ഞു വിവരം പറഞ്ഞു. സംഭവം വിശ്വസിക്കാൻ തഹസിൽദാറിന് പ്രയാസമായിരുന്നു. വീണ്ടും വിവരങ്ങൾ ഞങ്ങൾ ആവർത്തിച്ചപ്പോൾ അദ്ദേഹം പരിപാടി മാറ്റി മുണ്ടക്കയിലേക്ക് തിരിച്ചു. അങ്ങനെയാണ് ഞങ്ങളെല്ലാവരും സ്ഥലത്തെത്തിയത്. അപ്പോഴേക്കും സമയം ഉച്ചയോടു അടുത്തിരുന്നു. വിവരമറിഞ്ഞവർ അറിഞ്ഞവർ കരിമറ്റം ലക്ഷ്യമാക്കി യാത്രയായി. എല്ലാവരും വ്യാപകമായി തിരച്ചിൽ ആരംഭിച്ചു. മണ്ണിനുള്ളിൽ അകപ്പെട്ടവരെക്കുറിച്ചുള്ള വിവരം തിട്ടപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കരിമറ്റം ബംഗ്ലാവിൽ ഉണ്ടായിരുന്ന മൂന്ന് പേരും മണ്ണിനടിയിൽ അകപ്പെട്ടതായി സ്ഥിരീകരിച്ചു. പിന്നീട് ഉണ്ടായിരുന്നത് ആദിവാസി കുടുംബത്തിലെ അംഗങ്ങളെ പറ്റിയായിരുന്നു. അവരിൽ 11 പേരാണ് ഉണ്ടായിരുന്നതെന്ന് അന്വേഷണത്തിൽ മനസ്സിലായി. സംഭവം നടക്കുമ്പോൾ 11 പേരും പാറപ്പൊത്തിൽ ഉണ്ടായിരുന്നു. അവരെല്ലാം മണ്ണിനുള്ളിൽ തന്നെ. അങ്ങനെ മരിച്ചവരുടെ എണ്ണം 14 ആയി സ്ഥിരീകരിക്കപ്പെട്ടു. റവന്യൂ ഇൻസ്പെക്ടർ വേലായുധൻ വിഷാദഭാവത്തിൽ പറഞ്ഞു: “അരണിമല വടുവഞ്ചാൽ വില്ലേജിൽ പെട്ടതാണെങ്കിലും, വടുവഞ്ചാൽ വില്ലേജ് ഓഫീസ് അരണിമലയിൽ നിന്ന് 36 കിലോമീറ്റർ അകലത്തിലാണ്.” വേലായുധൻ മലമൂട്ടിലെ വില്ലേജുകളുടെ വിസ്തൃതിയിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പറഞ്ഞു. സംഭവത്തെക്കുറിച്ച് വിവരിച്ചു തരാൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരായി ആരുമില്ലെന്നത് ഒരു അപര്യാപ്തതയായി അവശേഷിക്കുന്നു, വേലായുധൻ വ്യക്തമാക്കി.

തിരച്ചിലിൽ കിട്ടിയ കാട്ടിറച്ചി

ഉരുൾപൊട്ടലിൽ പെട്ട മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ തിരയുന്ന തിരക്കിലായിരുന്നു എല്ലാവരും. ദുഃഖം അടക്കിപ്പിടിച്ചുകൊണ്ടാണ് കോരിച്ചൊരിയുന്ന മഴയത്ത് ആളുകൾ അപകടം പതിയിരിക്കുന്ന മണ്ണൊലിച്ചു തങ്ങിയ സ്ഥലങ്ങളിലൂടെ മൃതദേഹങ്ങൾ തേടി നടന്നിരുന്നത്. കോട നിറഞ്ഞു നിന്നിരുന്ന റാണിമലയുടെ താഴ് വരയിൽ ദുഃഖം ഘനീഭവിച്ച് നിൽക്കുന്നതുപോലെ തോന്നുമായിരുന്നു.

മനുഷ്യന്റെ ശവശരീരം തിരയുന്നതിനിടയിൽ, മണ്ണൊലിപ്പിൽ പെട്ടു മരണമടഞ്ഞൊരു മുള്ളൻപന്നിയുടെ മൃതദേഹം ചിലർ കണ്ടെടുത്തു. മുള്ളൻപന്നിയുടെ ശവശരീരം ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കെടുക്കാൻ എത്തിയ വൈത്തിരി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർക്ക് അതിയായ കൊതി തോന്നി. പിന്നീട് അവരുടെ ശ്രദ്ധ മനുഷ്യന്റെ ശവശരീരത്തെക്കുറിച്ചായിരുന്നില്ല. മുള്ളൻപന്നിയുടെ കുടൽ കളഞ്ഞ് മാംസം മേലെ നിർത്തിയിരിക്കുന്ന വൈത്തിരി സർക്കിൾ ഇൻസ്പെക്ടറുടെ KLW 544 നമ്പർ പോലീസ് ജീപ്പിൽ ഇടാൻ ഇൻസ്പെക്ടർ ജോർജ് കൽപ്പന നൽകിയത്രെ. ജീപ്പിനടുത്ത് ശശി ഉണ്ട്, അവനോട് പറഞ്ഞാൽ മതി. മുള്ളൻപന്നിയുടെ ശവവും പേറി പോകുന്നവരോട് സബ് ഇൻസ്പെക്ടറുടെ ആജ്ഞ. പാവങ്ങൾ ശവവും പേറി ജീപ്പിനടുത്തെത്തി. ജീപ്പിൽ ഇട്ടു ശവം കൊണ്ടുപോകുമ്പോൾ പോലീസുകാർ ഇങ്ങനെ പറയുന്നുണ്ടായിരുന്നത്രെ: “സാർ, കാട്ടിറച്ചി തിന്നിട്ട് കാലമതികമായി” 14 വിലപ്പെട്ട ജീവനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കാതെ, അവരുടെ മൃതദേഹം എങ്കിലും കണ്ടെത്തുന്നതിന് വേണ്ടി ഉരുൾപൊട്ടിയ സ്ഥലത്ത് എത്തിയ ആയിരങ്ങൾ പാടുപെട്ട് തിരച്ചിൽ നടത്തുന്നതിനിടയിൽ, ചീഞ്ഞുനാറിയ കാട്ടിറച്ചി കൂട്ടത്തിൽ നിന്ന് പേറിച്ചുകൊണ്ടുപോയ പോലീസുകാരുടെ നടപടിയിൽ പലരും അമർഷം രേഖപ്പെടുത്തി.

നമ്മുടെ പോലീസിന്റെ വർഗ്ഗസ്വഭാവത്തെക്കുറിച്ച് കൂടിയിരുന്നവരിൽ പലരും പിറുപിറുത്തു. ചിലർ പ്രതിഷേധം മനസ്സിൽ അമർത്തിവച്ചു. ഫോട്ടോഗ്രാഫർമാർ സംഭവം ക്യാമറയിൽ പകർത്തി. ചെയ്തത് മോശമായിപ്പോയി എന്ന ധാരണ കൽപ്പന നൽകിയ സബ് ഇൻസ്പെക്ടർക്ക് ഉണ്ടായി. തിരച്ചിലിനിടയിൽ സബ് ഇൻസ്പെക്ടർ ജോർജ് പത്രക്കാരെ കണ്ടു. “മുള്ളൻപന്നിയുടെ ശവത്തിന്റെ കാര്യം പറയരുതേ” എന്ന് പറഞ്ഞു നോക്കി, ഫോട്ടോഗ്രാഫറെ ഭീഷണിപ്പെടുത്തി നെഗറ്റീവ് തിരിച്ചുവാങ്ങാനുള്ള ശ്രമങ്ങൾ നടത്തി.

വയനാടൻ പോലീസിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും തലതിരിഞ്ഞ നിലയിലാണെന്നുള്ള പരാതി ഉയർന്നുവരാൻ തുടങ്ങിയിട്ടു കാലമതികമായി. വയനാട്ടിൽ നടക്കുന്ന ബലാത്സംഗങ്ങളിലും മറ്റ് അതിക്രമങ്ങളിലും എല്ലാം അവിടെയുള്ള പോലീസുകാർക്ക് പലപ്പോഴും പങ്കുള്ളതായി പത്രവാർത്തകൾ വന്നതാണ്. സർക്കിൾ ഇൻസ്പെക്ടറുടെ ജീപ്പിൽ കാട്ടിറച്ചി കയറ്റിയതിനുള്ള ഉത്തരവാദിത്വം പരസ്യമായി വൈത്തിരി സബ് ഇൻസ്പെക്ടർ ഏറ്റെടുത്തു. പോലീസ് ജീപ്പിന് വളരെ വേഗം മുന്നോട്ടുപോകാൻ കഴിയുകയില്ലെന്ന് ബോധ്യപ്പെട്ട സബ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടറുടെ പ്രീതിക്കുവേണ്ടി താൻ ചെയ്ത സേവനം തിരിച്ചെടുത്ത് കാട്ടിറച്ചി പുറത്തേക്ക് വലിച്ചെറിഞ്ഞു. എന്നാലും സംഭവം ജനങ്ങളുടെ മനസ്സിൽ മായാതെ നിന്നു. ശവം തിരയുന്നതിനിടയിൽ ശവം തിന്നാനുള്ള മോഹം, അതും മനുഷ്യന്.

നിലക്കാത്ത ജനപ്രവാഹം

ഇത്ര വലിയൊരു ഉരുൾപൊട്ടൽ ഇതിനുമുമ്പ് വയനാട്ടിൽ നടന്നതായി ആർക്കും കേട്ടറിവ് പോലുമില്ല. ഉരുൾപൊട്ടി നിരന്ന സമതലം നേരിൽ കാണുന്നതിന് നാനാഭാഗത്തുനിന്നും ആപാലവൃദ്ധം ജനങ്ങൾ ആയിരക്കണക്കിന് ദിവസേന എത്തിക്കൊണ്ടിരുന്നു. പ്രസിദ്ധങ്ങളായ തീർത്ഥാടനസ്ഥലങ്ങളിൽ ജനക്കൂട്ടം എത്തുംപോലെയാണ് ആൾക്കൂട്ടം കരിമറ്റത്ത് എത്തികൊണ്ടിരുന്നത്.

കൽപ്പറ്റയിൽ നിന്ന് മുണ്ടക്കൈയിലേക്കുള്ള സ്ട്രൈറ്റ് ബസ് ദിവസത്തിൽ രണ്ടോ മൂന്നോ ട്രിപ്പ് മാത്രമേ നടത്തുന്നുള്ളൂ. ആ ബസ്സിൽ എപ്പോഴും ആളുകളെ കുത്തിനിറച്ചുകൊണ്ടാണ് മുണ്ടക്കൈയിലേക്ക് ഓടുന്നത്. മടങ്ങുമ്പോഴും അതുതന്നെയാണ് നില. ഉരുൾപൊട്ടിയതോടുകൂടി മേപ്പാടിയിലെ ജീപ്പുകാർക്ക് നല്ല കോൾ തന്നെ. മേപ്പാടിയിൽ നിന്ന് 19 കിലോമീറ്റർ മാത്രം ദൂരമുള്ള മുണ്ടക്കയിലേക്ക് ഒരാൾക്ക് 6 രൂപ വരെ വസൂലാക്കി, പത്തും പതിനഞ്ചും ആളുകളെ കയറ്റി ജീപ്പ് സദാസമയവും മുണ്ടക്കയിലേക്ക് ഓടുന്നു. ജീപ്പിൽ കയറുന്നവരുടെ ലക്ഷ്യം അരണിമല താഴ് വരയാണ്. മേപ്പാടിയിൽ എത്തിയാൽ “മുണ്ടക്കായി, മുണ്ടക്കായി” എന്ന് ഉറക്കെ വിളിച്ചു പറയുന്നത് കേൾക്കാം. ജീപ്പിനു ആളെ വിളിച്ചുകൊടുക്കുന്ന കുട്ടിയുടെ ശബ്ദമാണത്. മുണ്ടക്കൈയിലേക്ക് സ്പെഷ്യൽ ജീപ്പ് വിളിച്ചാൽ അവിടെ ആളെ ഇറക്കുന്നതിന് മാത്രമേ ജീപ്പുകാർ തയ്യാറാവുന്നുള്ളൂ. പ്രൈവറ്റ് ജീപ്പുകളിലും മോട്ടോർസൈക്കിളുകളിലും ആളുകൾ സദാ പോയിക്കൊണ്ടിരുന്നു.

അപകടവാർത്ത അറിഞ്ഞ ഉടനെ തന്നെ കൽപ്പറ്റ എംഎൽഎ കൂടിയായ സഹകരണ വകുപ്പ് മന്ത്രി കമലവും, വനം വകുപ്പ് മന്ത്രി നൂറുദ്ദീനും സംഭവസ്ഥലം സന്ദർശിച്ചു. വയനാട്ടിൽ ഉണ്ടായിരുന്ന കേരള കർഷക സംഘത്തിന്റെ സെക്രട്ടറിയും മുൻ ആഭ്യന്തരകാര്യമന്ത്രിയുമായ മാർക്സിസ്റ്റ് നേതാവ് സഖാവ് ടി.കെ. രാമകൃഷ്ണനും സംഭവസ്ഥലം സന്ദർശിച്ചവരിൽ ഉൾപ്പെടുന്നു. റവന്യൂ മന്ത്രി പിജെ ജോസഫ് സംഭവം നടന്നതിനുശേഷം വയനാട്ടിൽ എത്തിയെങ്കിലും രാത്രിസമയമായതിനാൽ സംഭവസ്ഥലം സന്ദർശിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി കരുണാകരന്റെ ആഗമനവും പ്രതീക്ഷിച്ചു കഴിയുകയാണ് ഉദ്യോഗസ്ഥന്മാർ. മുഖ്യമന്ത്രിയുടെ യാത്ര ഒരുപക്ഷേ ഹെലികോപ്റ്ററിൽ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഉരുൾപൊട്ടൽ മൂലം നാശനഷ്ടങ്ങൾ എത്രമാത്രം ഉണ്ടായെന്ന് കണക്കാക്കുവാൻ സ്ഥലത്തിന്റെ ഉപരിഭാഗത്തിലൂടെ പറന്നു കാണുക തന്നെ വേണം. തകർന്നുപോയ സ്ഥലങ്ങൾ മുഴുവൻ നടന്നു പോയി കാണാൻ പ്രയാസമാണ്. നാവികസേനയുടെ ഒരു ഹെലികോപ്റ്റർ ആകാശവീഥിയിൽ നിന്ന് ഉരുൾപൊട്ടിയ സ്ഥലത്തിന്റെ ഫോട്ടോ എടുത്തിട്ടുണ്ട്. മലമുകളിൽ കൂടുതൽ വിള്ളലുകൾ ഇപ്പോഴുമുള്ളതായി അതു കണ്ട് തിരിച്ചുവന്ന ചിലർ പറഞ്ഞു.

അരണിമലയുടെ മുകളിൽ മാത്രമല്ല, വയനാടൻ കുന്നുകളിൽ പലതിലും വിള്ളലുകൾ ഉള്ളതായി റിപ്പോർട്ട് ഉണ്ട്. തരിയോട് ഭാഗത്ത് റിസർവ് 90 എന്ന ചെല്ലപ്പാട് എടുത്തുകുന്നു. മലയിൽ 20 മീറ്റർ നീളത്തിലും, 3 മീറ്റർ ആഴത്തിലും, 1 മീറ്റർ വീതിയിലും ഒരു വിള്ളൽ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു. വയനാടൻ കുന്നുകളിൽ ഇത്രയും വ്യാപകമായ നിലയിൽ ഉരുൾപൊട്ടൽ ഉണ്ടാവാൻ ഇടയായ കാരണം എന്തെന്നതിനെപ്പറ്റിയും പരിശോധിക്കേണ്ടതായുണ്ട്.

വനനശീകരണത്തിന്റെ പ്രത്യാഘാതം

വയനാട് മേഖലയിൽ ഇത്തവണ നടന്ന വ്യാപകമായ നിലയിലുള്ള ഉരുൾപൊട്ടലിനുള്ള കാരണമായി വിവേചനരഹിതമായി നടത്തുന്ന വനനശീകരണത്തിലേക്കാണ് പലരും വിരൽചൂണ്ടുന്നത്. നെടും കാട് പിടിച്ചിരുന്ന വയനാട്ടിലെ കുന്നുകൾ എല്ലാം ഇന്ന് മൊട്ടക്കുന്നുകൾ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. കാട് നിറഞ്ഞ സ്ഥലങ്ങളിൽ ഇപ്പോൾ പുൽമേടുകൾ മാത്രമാണ് ഉള്ളത്.

സർക്കാർ നിയന്ത്രണത്തിലുള്ള ക്ലിയറിങുകൾ ഇപ്പോൾ തൽക്കാലം നിർത്തിക്കഴിഞ്ഞെങ്കിലും, ഏലം, കാപ്പി മുതലായ തോട്ടങ്ങളുടെ സംരക്ഷണത്തിനായി മരം മുറിക്കുന്നതിന് സർക്കാർ നൽകിയ അനുവാദം ഉപയോഗിച്ചാണ് ഇപ്പോൾ വയനാടൻ കുന്നുകളിൽ വ്യാപകമായി മരം മുറിക്കുന്നത്. മുണ്ടക്കൈ ഭാഗത്തുനിന്നു വരുന്ന വനനശീകരണത്തെക്കുറിച്ചും, തുടർന്നുണ്ടാവാൻ പോകുന്ന ഭവിഷ്യത്തുകളെക്കുറിച്ചും ഇതിനിടെ ശാസ്ത്രസാഹിത്യ പരിഷത്തുകാർ പറഞ്ഞപ്പോൾ വനത്തിന്റെ ശത്രുക്കൾ അവരെ പുച്ഛിച്ചു നടന്നിരുന്നു.

വർഷം ഉണ്ടാവുന്നതിന് കാടുകൾ ആവശ്യമാണെന്ന് പറയുന്നതുപോലെ തന്നെ, അതിവർഷത്തിൽ നിന്ന് ഭൂമിക്ക് കിട്ടിയ സ്ത്രീധനങ്ങളായ മലകളുടെയും പുഴകളുടെയും സംരക്ഷണത്തിനും കാടുകൾ അത്യാവശ്യമാണ്. കാടുകൾ നശിക്കാൻ തുടങ്ങിയതോടുകൂടി വയനാട്ടിൽ മഴക്ക് വ്യത്യാസം കാണാൻ തുടങ്ങിയിരിക്കുന്നു. സാധാരണയായി വയനാട്ടിൽ പെയ്യുന്ന മഴക്ക് “നൂൽമഴ” എന്നാണ് പറഞ്ഞുവന്നിരുന്നത്. തുടർച്ചയായുള്ള കടുത്ത പേമാരി ഒരിക്കലും വയനാട്ടിൽ ഉണ്ടായിരുന്നില്ല.

മഴവെള്ളം വൻമരങ്ങളിൽ തങ്ങി സാവധാനമാണ് ഭൂമിയിൽ എത്തുക. അങ്ങനെ വരുമ്പോൾ എളുപ്പത്തിൽ മണ്ണിളക്കം ഒന്നും ഉണ്ടാവുകയില്ല. മരം നഷ്ടപ്പെട്ടപ്പോൾ മഴവെള്ളം യാതൊരു തടസ്സവും കൂടാതെ നേരിട്ട് ഭൂമിയിൽ പതിക്കുന്നു. മണ്ണിളക്കം ഉണ്ടാവുന്നു. മലകളിൽ വിള്ളലും. വയനാട് ഭാഗത്തിനു ഗുരുതരമായ ഭീഷണിയായി തീർന്ന വനനശീകരണം തടയുക; അതിനുള്ള യാതൊരു ശ്രമവും നടക്കുന്നില്ലെന്ന് സത്യം ഇപ്പോഴും അവശേഷിക്കുന്നു.

വനനശീകരണം പല തട്ടുകളിലായാണ് ഇപ്പോൾ നടക്കുന്നത്. വയനാട്ടിലുള്ള എസ്റ്റേറ്റുകൾ മുക്കാലേ മുണ്ടാണിയും, കർണാടക, തമിഴ്നാട് തുടങ്ങിയ സ്റ്റേറ്റുകളിൽ ഉള്ള ചില മുതലാളിമാരുടേതാണ്. മുൻപ് വയനാട്ടിലെ ആദിവാസികളെ ആട്ടിത്തെളിച്ചുകൊണ്ടുവന്നു ഇന്ന് തോട്ടം നടത്താൻ സാധിക്കുകയില്ല. തൊഴിലാളികൾ ഏറെക്കുറെ ബോധവാന്മാരായിരിക്കുന്നു. അതുകാരണം അന്യസ്റ്റേറ്റുകാരുടെ എസ്റ്റേറ്റുകൾ വിൽപ്പന നിന്നു വരികയാണ്. എസ്റ്റേറ്റുകളിലുള്ള മരത്തിന്റെ എണ്ണമനുസരിച്ചാണ് വിലപേശലുകൾ നടക്കുന്നത്. ആരുമറിയാതെ ടിമ്പർ ബിസിനസുകാരായ മുതലാളിമാർ എസ്റ്റേറ്റുകൾ വിലക്ക് വാങ്ങുന്നു. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് മരംമുറി നടത്തുകയും ചെയ്യുന്നു. കാപ്പിതോട്ടത്തിന്റെ സംരക്ഷണത്തിന് മരം മുറിക്കേണ്ടത് ആവശ്യമാണെന്ന് കാണിച്ചുകൊണ്ട് കോഫി ലൈസൻസ് ഓഫീസറിൽ നിന്ന് പുതിയ തോട്ടം ഉടമസ്ഥന്മാർ സർട്ടിഫിക്കറ്റ് സമ്പാദിക്കുന്നു. അങ്ങനെ സമ്പാദിച്ച സർട്ടിഫിക്കറ്റ് പ്രകാരം ഫോറസ്റ്റ് ഡിവിഷണൽ ഓഫീസിൽ നിന്ന് മരം മുറിക്കുന്നതിനുള്ള പാസുകൾ സമ്പാദിക്കുന്നു. കുത്തനെ നിൽക്കുന്ന വൃക്ഷത്തെ മാത്രമേ സാങ്കേതികമായി ഫോറസ്റ്റുകാർ മരമായി കണക്കാക്കുന്നുള്ളൂ. വീണ മരത്തെപ്പറ്റി കണക്കില്ല. പാസ് വാങ്ങിയവർ മരം മുറിക്കുമ്പോൾ തൊട്ടടുത്ത മരത്തിന്മേൽ അത് മുറിച്ചിടും. ഇത്തരത്തിലുള്ള സൂത്രവിദ്യകൾ ഓരോന്നും ഉപയോഗിച്ചാണ് വയനാട്ടിലെ മരംമുറി നിഗൂഢമായി നടക്കുന്നത്. “എനിക്ക് കോടീശ്വരൻ ആവാമല്ലോ” എന്നാണ് മരക്കച്ചവടക്കാരുടെ മോഹം. അവർക്ക് ഉരുൾപൊട്ടിയാൽ എന്ത്, വയനാട് കടലിൽ താണുപോയാൽ എന്ത്.

മാറിവരുന്ന വയനാട്

വയനാടിന്റെ പ്രത്യേകതകൾ കാലക്രമത്തിൽ ഓരോന്നോരോന്നായി കുറഞ്ഞുവരികയാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് തണുപ്പിന്റെ നാടെന്ന് അറിയപ്പെട്ടുപോന്ന വയനാട്ടിൽ ഇന്ന് തണുപ്പില്ല. കാലാവസ്ഥയിൽ വന്ന മാറ്റം കാരണം വയനാടിന് പ്രത്യേകമുണ്ടായിരുന്ന കൃഷികൾ പലതും നഷ്ടപ്പെട്ടുവരികയാണ്. ഒരുകാലത്ത് മധുരനാരങ്ങ സുലഭമായി കൃഷിചെയ്തിരുന്ന വയനാട്ടിൽ മധുരനാരങ്ങ ഇന്ന് കാണണമെങ്കിൽ മറുനാടുകളിൽ നിന്ന് എത്തേണ്ടിയിരിക്കുന്നു. ഇവിടങ്ങളിൽ വലിയ മധുരനാരങ്ങത്തോട്ടങ്ങൾ ഉണ്ടായിരുന്നുവെന്ന് പ്രായംചെന്ന അച്ഛന്മാർ അവരുടെ മക്കൾക്ക് ഇന്നും പറഞ്ഞുകൊടുക്കുന്ന നിലയിലാണ്. വയനാട്ടിൽ പണ്ട് തെങ്ങ് കൃഷിചെയ്തിരുന്നില്ല. മധുരനാരകത്തോട്ടം നശിച്ച പലരും ഇന്ന് തെങ്ങിന്തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള തിരക്കിലാണ്. ഉടമസ്ഥന്മാരും ഇപ്പോൾ അവരുടെ തോട്ടങ്ങൾ വിൽപ്പനക്ക് വച്ചിരിക്കുന്നു. ഇതേ നില തുടർന്നുപോയാൽ വയനാട്ടിൽ കാപ്പി ഒരു അപൂർവ വസ്തുവായി തീരുമെന്നാണ് അവരിൽ പലരും പറയുന്നത്.

അണിയറയിൽ അണിഞ്ഞൊരുങ്ങി വരുന്ന മാനന്തവാടി പദ്ധതി തൊട്ടുള്ള നദീതടപദ്ധതികൾ കൂടി പൂർത്തിയാവുമ്പോഴേക്കും വയനാടിന്റെ എക്കോസിസ്റ്റം പാടെ മാറിമറിയുമെന്നതിന് സംശയമില്ല. കേട്ടാൽ പലർക്കും അത്ഭുതം തോന്നും; കേരളത്തിൽ ഇന്ന് വിറകിന് ഏറ്റവും തീ വില ഉള്ളത് വയനാട്ടിലാണ്. വയനാട്ടുകാർ അനുഭവിക്കുന്ന വിറകിന്റെ ക്ഷാമം നിമിത്തം പലരും ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്നത് മണ്ണെണ്ണയാണ്.

ഏലത്തോട്ടങ്ങളും കാലക്രമത്തിൽ വയനാട്ടിൽ നിന്ന് മറിഞ്ഞുപോകാനാണ് സാധ്യത. ഇതെല്ലാം വയനാടിന്റെ അഭിവൃദ്ധിയല്ല, നാശത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും ജലക്ഷാമം അനുഭവപ്പെടാതിരുന്ന വയനാട്ടിൽ അതും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. വേനൽക്കാലത്ത് പോലും വയനാടൻ കുന്നുകളിലൂടെ പൊട്ടിച്ചിരിച്ചു പാഞ്ഞുവന്നിരുന്ന അരുവികൾ മഴ അവസാനിക്കുന്നതോടുകൂടി വറ്റിവരണ്ട് നിശ്ചേഷ്ടമായി നിൽക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.

വയനാടിന്റെ ഭൂമിയിലും കാലാവസ്ഥയിലും ഇത്രയും പ്രകടമായ മാറ്റം ഉണ്ടാവാനുള്ള ചില കാരണങ്ങളിൽ മുഖ്യമായത് അനിയന്ത്രിതമായി തുടർന്നുപോകുന്ന വനനശീകരണം തന്നെയാണെന്നതിന് സംശയമില്ല. കഴിഞ്ഞവർഷം പുൽപ്പള്ളിയിൽ വെടിവെപ്പിന്നിട വരുത്തിയത് പോലും സീതാദേവി ക്ഷേത്രത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്ന വിലപിടിപ്പുള്ള പടുകൂറ്റൻ മരങ്ങളോട് ചിലർക്കുണ്ടായിരുന്ന കൊതിയായിരുന്നു.

ഫോറസ്റ്ററിയെ പറ്റി പാണ്ഡിത്യം നേടിയ വിദഗ്ധന്മാർ നൽകിയ ഉപദേശം അനുസരിച്ച് വയനാട്ടിലെ റിസർവ്ഡ് വനങ്ങളിൽ വലിയൊരു ഭാഗം സർക്കാർ ക്ലിയറിങ് നടത്തി. വനസമ്പത്ത് ലാഭകരമാക്കുന്നതിന് വേണ്ടിയായിരുന്നത്രെ. ഇത് ക്ലിയറിങ് നടത്തി ദിക്കിൽ എളുപ്പം വളരുന്ന വട്ടിപ്പാലയും യൂക്കാലിപ്റ്റസും സർക്കാർ ഉടമയിൽ വെച്ചുനോക്കി. വനം സംരക്ഷണത്തെക്കുറിച്ച് പഠിച്ച ബാലപാഠങ്ങൾ പലതും ശരിയാണോ എന്ന് സംശയിക്കേണ്ടിവന്നു.

വനഭൂമി കൃഷിക്ക് പതിച്ചുകൊടുക്കുന്നതിനുവേണ്ടി പ്രക്ഷോഭം പോലും നമ്മുടെ നാട്ടിൽ നടന്നു. വനഭൂമി കയ്യേറുന്നത് ഒരു കലയും കഴിവുമായി പലരും കണക്കാക്കി. ഈ നിലയിൽ വയനാട്ടിൽ നഷ്ടപ്പെട്ട വനങ്ങൾ അനേകം ആയിരം ഏക്കറോളം വരും. വനംകയ്യേറ്റത്തെ അംഗീകരിക്കാത്ത സർക്കാരുകൾക്ക് കേരളത്തിൽ നിലനിൽക്കാൻ പോലും സാധിക്കുകയില്ലെന്ന നിലയാണ് വന്നുചേർന്നത്. തൊഴിലില്ലായ്മ പ്രശ്നത്തിൽ മറപിടിച്ചുകൊണ്ട് യാതൊരു തത്വചിന്തയില്ലാതെ സർക്കാർ ധാരാളക്കണക്കിൽ മരവ്യവസായങ്ങൾ തുടങ്ങുന്നതിന് ലൈസൻസ് നൽകി. അവർക്കു വേണ്ടുന്ന മരങ്ങൾ നൽകുവാൻ സർക്കാർ ഇന്ന് ബാധ്യസ്ഥരാണ്. വയനാടൻ കുന്നുകളിലെ മരങ്ങളിൽ കണ്ണുവെച്ചുകൊണ്ടാണ് ഇത്തരം മരവ്യവസായങ്ങൾക്ക് ഇവിടെ തത്വചിന്തയില്ലാത്ത നിലയിൽ ലൈസൻസ് നൽകിയത്. വയനാട്ടിന്റെ നാശം വനനശീകരണത്തിലൂടെയാണ്.

തകർന്നുവരുന്ന താമരശ്ശേരി ചുരം

വയനാട്ടിലേക്ക് പ്രവേശിക്കുന്നതിനുള്ള ഏറ്റവും പ്രധാനമായ മാർഗം താമരശ്ശേരി ചുരമാണ്. അപകടകരമായ 9 ഹെയർപിൻ വളവുകൾ ചുറ്റിക്കയറിയാണ് ലക്കിടിയിലുള്ള വയനാടിന്റെ പടിവാതുക്കലിൽ ചെന്നെത്തുന്നത്. വയനാട്ടിൽ ജനവാസം കുറഞ്ഞ കാലങ്ങളിൽ താമരശ്ശേരി ഭാഗത്തൂടെ പോകുന്നവർക്ക് പേരിയ ചുരവും, കോഴിക്കോട് ഭാഗത്തുനിന്ന് പോകുന്നവർക്ക് താമരശ്ശേരി ചുരവും ധാരാളം മതിയായിരുന്നു.

കാലം കഴിയുന്തോറും വയനാട്ടിലേക്കുള്ള ജനപ്രവാഹം വർദ്ധിച്ചതോടുകൂടി അവിടേക്ക് പാഞ്ഞെത്തുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചു. നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമ്മിച്ച ഗാട്ട് റോഡിന് താങ്ങാൻ സാധിക്കാവുന്നതിൽ കവിഞ്ഞ വാഹന ഓട്ടമാണ് അതിലെ ഉണ്ടായത്. പുറംനാടുകളിൽ നിന്ന് വയനാട്ടിലേക്ക് എത്തിപ്പെടുന്നതിനുള്ള എളുപ്പവഴികളെ പറ്റി ഓരോ പ്രദേശത്തുള്ളവരും അതാതു കാലത്തെ സർക്കാരുകളുടെ മുമ്പിൽ നിവേദനം സമർപ്പിച്ചെങ്കിലും ആരും അതിനെ കാര്യമായി എടുത്തില്ല.

ഗാട്ട് റോഡ് നന്നാക്കുന്നതിനുള്ള ഏർപ്പാടുകൾ മാത്രമേ നമ്മുടെ എൻജിനീയർമാർ നടത്തിയുള്ളൂ. സംരക്ഷണത്തിന് വർഷംതോറും ലക്ഷക്കണക്കിന് രൂപകൾ ചിലവാക്കുന്നുണ്ടെങ്കിലും, റോഡിന്റെ സംരക്ഷണത്തേക്കാൾ കവിഞ്ഞ് റോഡ് നന്നാക്കുന്നതിനുള്ള കരാറുകാരുടെയും അവരെ മേൽനോട്ടം ചെയ്യുന്ന എൻജിനീയർമാരുടെയും സംരക്ഷണത്തിനുമാത്രമാണ് അവയിൽ ഏറിയ പങ്കും ഉപയോഗപ്പെടുത്തിയിരുന്നതെന്ന് റോഡിലൂടെ ഒരു വേള യാത്ര ചെയ്താൽ മനസ്സിലാകും. ചുരം കയറുമ്പോൾ അത്യഗാധമായ കൊല്ലികളിലേക്ക് വാഹനങ്ങൾ അപകടത്തിൽ മറിഞ്ഞുപോകുന്നത് തടയാനായി കെട്ടി ഉയർത്തപ്പെട്ട സുരക്ഷിതഭിത്തികൾ എല്ലാം അനായാസേന അപകടാവസ്ഥയിൽ എത്തിച്ചേർത്ത നിലയിലാണ്. പേരിന് സിമന്റ് കൂട്ടി മണലിൽ കെട്ടിനിർത്തുകയും അതേ കൂട്ടുകൊണ്ട് പുറംപൂശുകയും ചെയ്ത സംരക്ഷണഭിത്തികൾ മഴപെയ്യുമ്പോഴേക്കും തകർന്നുപോകുന്നത് എങ്ങനെയാണെന്ന് റോഡിന് മേൽനോട്ടം വഹിക്കുന്ന എൻജിനീയർമാർ ശ്രദ്ധിക്കാറുണ്ടോ?

ഗാട്ട് റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരാവസ്ഥയിലായതുകാരണം അതിന് ടെൻഡറുകൾ കൊടുക്കാറില്ല. ജോലി ചെയ്യുവാൻ ഉത്തരവാദിത്തപ്പെട്ടവരുടെ വത്സലപുത്രന്മാരായ ചില കോൺട്രാക്ടർമാരെ ഏൽപ്പിക്കുകയാണ് പതിവ് ഇതിനിടെ തകരപ്പാടിയിൽ ചുരം റോഡ് ഇടിഞ്ഞ വാർത്ത റേഡിയോയിലൂടെ കേട്ട ഉടനെ തന്നെ കോഴിക്കോട്ടുകാരനായ ഒരു കോൺട്രാക്ടർ നേരെ സൂപ്രണ്ട് എൻജിനീയറുടെ വീട്ടിലെത്തി “മെയിന്റനൻസ് വർക്ക് തന്നെ ഏൽപ്പിക്കണം” എന്ന് അഭ്യർത്ഥിച്ചത്രെ. അതേ കോൺട്രാക്ടറാണ് ഇപ്പോൾ ചുരം റോഡിന്റെ അറ്റകുറ്റപ്പണി നടത്തുന്നത്. എൻജിനീയർക്കും കോൺട്രാക്ടർക്കും കൊയ്ത്തു തന്നെ. അപകടാവസ്ഥ പതിയിരിക്കുന്ന ഗാട്ട് റോഡിന്റെ ഓരത്തുവച്ച് ഇപ്പോഴും ഡൈനാമൈറ്റ് വച്ച് പാറപൊട്ടിക്കുന്നത് കാണാം. ഇതിൽപ്പരം വേറൊരു ബുദ്ധിമോഷം ഉണ്ടോ? ഗാട്ട് റോഡിന്റെ പാർശ്വവശങ്ങളിൽ ഇടതൂർന്ന് വളർന്നിരുന്ന കാടുകളുടെ ഷേഡിങ് കൊണ്ട് സംരക്ഷിക്കപ്പെട്ടതായിരുന്നു ഹെയർപിൻ വളവുകൾ. പപ്പിലത്തോട് മുതൽ തകരപ്പാടി വരെയുണ്ടായിരുന്ന കാടുകൾ അത്രയും കോയചത്തോടിക്കാരുടേതായിരുന്നു. ഈ വനമത്രയും ഇതിനകം വെട്ടിമാറ്റപ്പെട്ടു. വെള്ളക്കാരൻ ചെയ്തു പോന്നിരുന്ന പരിചരണവും സംരക്ഷണവും ചെയ്യുവാൻ സ്വതന്ത്ര ഗവൺമെന്റിന്റെ ഉദ്യോഗസ്ഥന്മാർ തയ്യാറായില്ല. അതുമൂലം നാളുകൾ കഴിയുംതോറും താമരശ്ശേരി ഗാട്ട് റോഡ് തകരാനും തുടങ്ങി. താമരശ്ശേരിയിലെ ഗാട്ട് റോഡ് വഴി വയനാട്ടിലേക്കുള്ള വഴികളെ പറ്റി ഭാവിതലമുറ ചരിത്രപഠനത്തിലൂടെ മാത്രം മനസ്സിലാക്കേണ്ടിവരും. അതാണ് ഇന്നത്തെ നില.

ചുരത്തിലെ ചുങ്ക പിരിവ്

വയനാട് ഉരുൾപൊട്ടൽ മൂലം സംഭവിച്ച അത്യാഹിതങ്ങളിൽ കേരളമാകെ ദുഃഖനിമഗ്നമായപ്പോൾ, അതിന്റെ പേരിൽ ചിലർ കാശുവാരിക്കൂട്ടുവാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. ഗാട്ട് റോഡിന്റെ അപകടനിലയെ തുടർന്ന് വയനാട്ടിൽ സാധനങ്ങൾക്ക് വിലകയറ്റിപ്പിടിച്ചുകൊണ്ട് ഒരു കൂട്ടർ പാവങ്ങളെ ഞെക്കിപ്പിഴിയുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. കൃത്രിമമായി വിലക്കയറ്റം വയനാടൻ മേഖലകളിൽ അനുഭവപ്പെട്ടു.

വയനാട്ടിലേക്കുള്ള റോഡ് ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള ഭഗീരത ശ്രമങ്ങളിൽ സർക്കാർ ഏർപ്പെട്ടു. ചില താൽക്കാലിക ഏർപ്പാടുകൾ ചെയ്തുകൊണ്ട് വാഹനഗതാഗതം പുനരാരംഭിച്ചു. വൺവേ സമ്പ്രദായത്തിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ലോറി ഗതാഗതം നിരോധിച്ചിട്ടും ഉണ്ട്. വയനാടിന്റെ അതിർത്തിയായ ലക്കിടിയിൽ നിന്ന് വാഹനങ്ങൾ നിയന്ത്രിച്ചു വിടുന്നു. അവിടെനിന്ന് അവസാനമായി വിടുന്ന വാഹനത്തിൽ ടോക്കൺ അടച്ചാൽ താഴ്വരയിൽ കാത്തുകിടക്കുന്ന ആദ്യത്തെ വാഹനത്തിൽ അത് ലഭിക്കും. ഇരു ഭാഗങ്ങളിലും ഇത്ര വാഹനങ്ങൾ വരെ ഒരേസമയം വിടാമെന്ന് ഏർപ്പാടുണ്ട്. തകരപ്പാടിയിൽ എത്തിയാൽ അവിടെ ഭാരം ഇറക്കി കയറ്റുകയും വേണം. രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രം ചുരം റോഡിലൂടെയുള്ള വാഹനഗതാഗതം ഇപ്പോൾ അനുവദിക്കുന്നു.

നിയമം ലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നുണ്ടോ എന്ന് പരിശോധിക്കാൻ അവിടെ ഉദ്യോഗസ്ഥന്മാർ ഉണ്ട്. നിയമം ഇങ്ങനെയെല്ലാം ആണെങ്കിലും ചരക്ക് കയറ്റിയ ലോറികളുടെ യാത്ര രാത്രികാലങ്ങളിലാണ്. കാവൽക്കാർക്ക് ലോറിക്കാർ നല്ല തുക ഇനാമായി കൊടുത്തുകൊണ്ടാണ് ഗതാഗതം നടത്തുന്നത്. ലോറിക്കാരിൽ നിന്ന് മാത്രമല്ല; രാത്രികാലങ്ങളിൽ ചുരം റോഡിലെ നിരോധനത്തെക്കുറിച്ച് അറിവില്ലാത്ത അന്യനാട്ടുകാർ ജീപ്പിലോ കാറിലോ എത്തിയാൽ കാവൽക്കാരുമായി വിലപേശുക തന്നെ വേണം. ഒരു കാറുകടക്കണമെങ്കിൽ നൂറു രൂപ എങ്കിലും ചുങ്കം കൊടുക്കണമെന്നാണ് നില. ഇതു കൊടുക്കാൻ തയ്യാറില്ലാത്ത ഒരു മാന്യൻ നേരം വെളുക്കുന്നത് വരെ ചുരത്തിലെ ഓരത്ത് കാറിൽ കഴിച്ചുകൂട്ടേണ്ടിവന്ന അനുഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ കണ്ണുമുന്നിലൂടെ മറ്റു ചില മാന്യന്മാർ നിസ്സങ്കോചം അന്തിച്ചുങ്കമടച്ച് വാഹനത്തിലൂടെ വയനാട്ടിലേക്കും കോഴിക്കോട്ടേക്കും പാഞ്ഞുപോവുകയും ചെയ്തു. നാട്ടിൽ ആപത്തുകളും അത്യാഹിതങ്ങളും ഓരോന്ന് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ആളുകൾ എന്നും ഇവിടെയും ഉണ്ട്. അതിൽ നിന്ന് പലതും അത്തരക്കാർക്ക് നേടാമല്ലോ.

താമരശ്ശേരി ചുരത്തിലെ അന്തിച്ചുങ്ക പിരിവുകാർ അത്തരക്കാരിൽ പെടുന്നു. പശുചാകുമ്പോഴാണല്ലോ കഴുകന്മാർ ഉത്സവം ആഘോഷിക്കുന്നത്. ആപത്തുകൾ സംഭവിക്കുമ്പോഴെങ്കിലും നാടിനോടും നാട്ടുകാരോടും ആത്മാർത്ഥവും സത്യസന്ധവുമായ നിലയിൽ പെരുമാറാൻ തയ്യാറാവാത്ത നമ്മുടെ സഹോദരന്മാരുടെ സങ്കുചിത വീക്ഷണത്തിലും സ്വാർത്ഥ ചിന്തയിലും സഹതപിക്കുക മാത്രമേ നിർവാഹമുള്ളൂ. സേവനതൽപരതയും ത്യാഗമനോഭാവവും ഒക്കെ അധികമാളുകൾക്കും ഇന്ന് ഒരു കടങ്കഥയായി തീർന്നതുപോലെയാണ് തോന്നുന്നത്.

ഉരുൾപൊട്ടലിൽ പെട്ട് മൃതിയടഞ്ഞ മാതി എന്ന ആദിവാസിയുടെ മൃതദേഹത്തിന് ഒന്നിൽ കൂടുതൽ അവകാശികൾ പ്രത്യക്ഷപ്പെട്ട സംഭവം തന്നെ ശവം വെച്ച് വിലപേശാൻ മനുഷ്യന് മടിയില്ലെന്നുള്ളതിന്റെ തെളിവാണ്. ജീവിതത്തിലൊരിക്കലെങ്കിലും കണ്ടുമുട്ടാത്തവരാണ് അവകാശികൾ എന്നുള്ളതും അത്ഭുതം. രണ്ടുപേരുടെയും പിന്നിൽ വയനാട്ടിലെ ഉത്തരവാദിത്തപ്പെട്ട രണ്ട് രാഷ്ട്രീയപാർട്ടികൾ ആണുള്ളത് എന്ന് ഏതാണ്ട് ബോധ്യപ്പെട്ടിരിക്കുന്നു. അപകടം പിണഞ്ഞവരുടെ കുടുംബങ്ങൾക്ക് കലക്ടറുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസനിധിയിൽ നിന്ന് പണം കിട്ടുമെന്ന് വന്നപ്പോഴാണ് അവകാശികളുടെ എണ്ണം വർദ്ധിച്ചത്. വയനാട്ടിലെ ഉരുൾപൊട്ടലിൽ നിന്ന് മറ്റു പല സന്ദർഭങ്ങളിലും എന്നപോലെ മനുഷ്യന്റെ തനിനിറം മനസ്സിലാക്കാൻ സാധിച്ചു.

1984 ജൂലൈ 29 ലക്കം കേരളശബ്ദത്തിൽ പ്രസിദ്ധീകരിച്ച കെ പി ശ്രീധരൻ നമ്പ്യാർ എഴുതിയ ലേഖനം.
©Keralasabhdam/1984